
കാസര്‍കോട്: കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിച്ചതില്‍ നടപടിയുമായി ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയാണിതെന്ന് ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്. കാസര്‍കോടുനിന്നുള്ള സംഭവത്തില്‍ ബേക്കല്‍ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമ്മീഷന്‍ അംഗം ബി മോഹന്‍കുമാര്‍ പറഞ്ഞു.
സംഭവം അതീവ ഗുരുതരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്നും വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച റിപ്പോര്‍ട്ടെന്ന് മന്ത്രി പറഞ്ഞു. ഈ സ്‌കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.










