
ന്യൂഡല്‍ഹി : യുഎന്നില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന ഫ്രാന്‍സ് കൊണ്ടുവന്ന പ്രമേയത്തിന് ഇന്ത്യയടക്കം 142 രാജ്യങ്ങളുടെ പിന്തുണ. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, നിലവിലെ ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരവും ശാശ്വതവുമായ പരിഹാരം ഉണ്ടാവണമെന്നും മേഖലയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും മികച്ച ഭാവിയുണ്ടാകാനും ഉതകുന്ന നടപടികള്‍ സ്വീകരിക്കാനും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന പ്രമേയം ആഹ്വാനം ചെയ്യുന്നു.
പലസ്തീന്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ യുഎസ്, ഇസ്രയേല്‍, അര്‍ജന്റീന തുടങ്ങി 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിച്ച് വോട്ട് ചെയ്തിട്ടുണ്ട്. വീറ്റോപവറുള്ള യുഎസിന്റെ എതിര്‍പ്പുള്ളതിനാല്‍ പ്രമേയം അംഗീകരിക്കാതെ പാസാക്കുകയായിരുന്നു.
അടുത്തകാലത്തായി യുഎന്‍ പൊതുസഭയില്‍ ഗാസ വിഷയം വോട്ടിനുവരുമ്പോള്‍ വിട്ടുനില്‍ക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇക്കുറി പതിവുതെറ്റിച്ച് ഗാസയിലെ മുന്‍ നിലപാടില്‍ നിന്നുള്ള വ്യക്തമായ മാറ്റമായാണ് ഇന്ത്യ വോട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാലു വട്ടം ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു.
ഫ്രാന്‍സ് മുന്നോട്ടുവച്ച പ്രമേയത്തെ ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.