ഇന്ത്യയും യുകെയും ജൂലൈയില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ജൂലൈയില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട് . നിയുക്ത കരാര്‍ സംബന്ധിച്ച നിയമപരമായ നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കാന്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ തന്റെ ഔദ്യോഗിക സംഘത്തോടൊപ്പം ലണ്ടനിലുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇദ്ദേഹം എത്തിയിരിക്കുന്നത്. യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആന്‍ഡ് ട്രേഡ് ജോനാഥന്‍ റെയ്‌നോള്‍ഡ്സിനെയും മറ്റ് ബ്രിട്ടീഷ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ബര്‍ത്ത്വാള്‍ കാണും.

2030 ഓടെ ഇരു സമ്പദ്വ്യവസ്ഥകളും തമ്മിലുള്ള വ്യാപാരം 120 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയുടെ നികുതി നീക്കം ചെയ്യുകയും, ബ്രിട്ടനില്‍ നിന്നുള്ള വിസ്‌കി, കാറുകള്‍ എന്നിവയുടെ ഇറക്കുമതി നികുതി കുറയ്ക്കുകയും ചെയ്യാന്‍ ഇരു രാജ്യങ്ങളും തീരുമാനമായിട്ടുണ്ട്. കരാര്‍ ഒപ്പുവച്ചുകഴിഞ്ഞാല്‍, അത് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെയും ഇന്ത്യന്‍ മന്ത്രിസഭയുടെയും അംഗീകാരം ആവശ്യമാണ്.

അമേരിക്ക ഇന്ത്യയുമായി വൈകാതെ വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്നാണ് ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ അത് എപ്പോള്‍ യാഥാര്‍ത്ഥ്യമാകും എന്നതിനെക്കുറിച്ച് ട്രംപ് വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

More Stories from this section

family-dental
witywide