ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു, ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് സർക്കാർ

ന്യൂഡൽഹി : ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ നടന്ന പ്രതിഷേധങ്ങൾക്കുപിന്നാലെ ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി. ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വിളിച്ചുവരുത്തിയത്. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷയിൽ ബംഗ്ലാദേശ് കടുത്ത ആശങ്ക അറിയിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് കാട്ടിയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലും പശ്ചിമ ബംഗാളിലെ സിലിഗുരിയിലുള്ള ബംഗ്ലാദേശ് വിസ സെന്ററിന് നേരെയും നടന്ന പ്രതിഷേധങ്ങളാണ് ഈ നടപടിക്ക് കാരണമായത്. സുരക്ഷാ കാരണങ്ങളാൽ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിലും അഗർത്തലയിലെയും സിലിഗുരിയിലെയും സെന്ററുകളിലും ബംഗ്ലാദേശ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

ബംഗ്ലാദേശിലെ മൈമെൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയിൽ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളായത്. നേരത്തെ, ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള സുരക്ഷാ ഭീഷണികളിൽ ആശങ്ക അറിയിച്ച് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയിരുന്നു.

India-Bangladesh relations are deteriorating further, Bangladesh government summons Indian High Commissioner.

More Stories from this section

family-dental
witywide