
ന്യൂഡല്‍ഹി : ലേസര്‍ ഉപയോഗിച്ച് ശത്രുവിന്റെ ആയുധങ്ങളെ തകര്‍ക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. ഇതോടെ, യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു ശേഷം സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ആയുധങ്ങളെ ദൂരെ നിന്ന് തകര്‍ക്കുന്ന ലേസര്‍ അധിഷ്ഠിത സംവിധാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച സംവിധാനം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ആദ്യമായി തകര്‍ത്തു. ആകാശത്തെ ലക്ഷ്യസ്ഥാനത്തുണ്ടായിരുന്ന ഡ്രോണിനെയാണ് ലേസര്‍ രശ്മി ഉപയോഗിച്ച് തകര്‍ത്തത്. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയെ ഇത്തരത്തില്‍ നിര്‍വീര്യമാക്കാന്‍ ഈ ലേസര്‍ വിദ്യയ്ക്ക് കഴിയുമെന്നതാണ് നേട്ടം.
എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇ ഡബ്ല്യു) എന്നാണ് ഇതിന്റെ പേര്. വൈകാതെ ആയുധം സേനയുടെ ഭാഗമാകും.










