
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ യും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുമായുള്ള അതിർത്തി തർക്കമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുമുള്ള നടപടികളുടെ ഭാഗമായാണ് വാങ് യീ ഇന്ത്യയിലെത്തിയത്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടേയും അനുകൂലനിലപാട് നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്.
വാങ് യി ഏകപക്ഷീയമായ മുട്ടാളത്തം അനിയന്ത്രിതമായിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമാക്കി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ അവസാനിപ്പിക്കണണെന്നും വാങ് യീ അഭിപ്രായപ്പെട്ടു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വാങ് യീ ചൊവ്വാഴ്‌ച ചർച്ച നടത്തുകയാണ്.വളം, അപൂർവ ധാതുക്കൾ, തുരങ്ക നിർമാണ മെഷീനുകൾ തുടങ്ങി ഇന്ത്യയുടെ പ്രധാന ആവശ്യങ്ങൾ പരിഹരിക്കാമെന്ന് ചൈന ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. സ്മാർട്ട്ഫോണുകൾ, അത്യാധുനിക സൈനിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനാവശ്യമായ സുപ്രധാനഘടകമായ ധാതുക്കളുടെ സമ്പുഷ്‌ടമായ ശേഖരം ചൈനയുടെ പക്കലുണ്ട്. അതാണ് ചൈനയെ ആഗോള സാങ്കേതികവിദ്യാമേഖലയിൽ പ്രഥമസ്ഥാനത്ത് തുടരാൻ സഹായിക്കുന്നത്. യുഎസിൽ നിന്ന് ഇന്ത്യ നേരിടുന്ന തീരുവ സമ്മർദത്തെ കുറിച്ചും വാങ് യി പരാമർശിച്ചതായും ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രസ്‌താവനയിൽ പറയുന്നു.
സാമ്പത്തികവും വാണിജ്യപരവുമായ പ്രശ്‌നങ്ങൾ, തീർഥാടനങ്ങൾ, ജനങ്ങൾക്കിടയിലെ സമ്പർക്കം, നദികളിലെ ജലനിരപ്പ് സംബന്ധിച്ചുള്ള വിവരങ്ങളുടെ പങ്കുവെക്കൽ, അതിർത്തി വഴിയുള്ള വ്യാപാരം, ഉഭയകക്ഷി കൈമാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇരുരാഷ്ട്രങ്ങളുടേയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിൽ വിഷയങ്ങളായെന്നും ജയശങ്കർ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയിൽ അയവുണ്ടാകേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു.