
ബെയ്ജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് വികസന പങ്കാളികളായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ‘ന്യായമായ വ്യാപാരം’ ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും യോജിച്ചു നിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
ഈ ചർച്ച ഇന്ത്യ-ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മോദിയുടെ ചൈന സന്ദർശനം, ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപാര, സാമ്പത്തിക മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡന്‍റുമായുള്ള നരേന്ദ്ര മോദിയുടെ ചർച്ചക്ക് ലോകം അതീവ പ്രാധാന്യമാണ് നൽകിയിരുന്നത്. ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ചൈനയിലെ ടിൻജിയാനിൽ എത്തിയത്. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ഇനി റഷ്യ കൂടി പങ്കെടുക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ കൂടി മോദി പങ്കെടുക്കും. അമേരിക്കൻ തർക്കത്തിനിടെ ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള ചർച്ചകളിലെ തീരുമാനം എന്താകുമെന്നറിയാനായി ലോകം ഉറ്റുനോക്കുകയാണ്.











