
ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം സാധാരണനിലയിലേക്ക് നീങ്ങുന്നു. നവംബർ ഒൻപത് മുതൽ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കും. അടുത്തിടെ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് നേരിട്ടുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനമായത്. അഞ്ചുവർഷത്തിന് ശേഷമാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള വിമാനസർവീസുകൾ പുനഃരാരംഭിക്കുന്നത്.
ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഷാങ്ഹായിൽനിന്ന് ഡൽഹിയിലേക്കും തിരിച്ചും സർവീസുകൾ നടത്തുന്നത്. ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 5.45ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 7.55-നാകും ഡൽഹിയിൽനിന്ന് തിരിച്ചുള്ള സർവീസ്. വിമാനസർവീസുകൾ പ്രഖ്യാപിച്ചതിനൊപ്പം ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും വിമാനക്കമ്പനി അറിയിച്ചു. ഒക്ടോബർ 26 മുതൽ ഇൻഡിഗോയും സർവീസ് ആരംഭിക്കും. ഡൽഹിയിൽനിന്ന് ഗ്യാങ്ചൗവിലേക്കുള്ള സർവീസും ഇൻഡിഗോ വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
India-China relations return to normal; air services to resume from November 9