ബ്രിസ്ബെയ്നിലെ കനത്ത മഴയും ഇടിമിന്നലും മൂലം ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. നേരത്തേ ആദ്യ മത്സരവും മോശം കാലാവസ്ഥയിൽ ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, ഹൊബാർട്ടിലും കറാറയിലും മികച്ച വിജയങ്ങൾ നേടി തിരിച്ചുവരവ് ഉറപ്പിച്ചു. ശനിയാഴ്ച വിജയിച്ചിരുന്നെങ്കിൽ ഓസീസിന് പരമ്പര സമനിലയിലെത്താമായിരുന്നു. പക്ഷേ മഴയും ഇടിമിന്നലും കളി മുടക്കിയതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് പരമ്പര സ്വന്തമായി.
മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത നിലയിലായിരുന്നു ടീം. ഓപ്പണർമാരായ അഭിഷേക് ശർമ (13 പന്തിൽ 23, ഒരു സിക്സും ഫോറും) ശുഭ്മാൻ ഗിൽ (16 പന്തിൽ 29, ആറ് ഫോറുകൾ) തകർത്തടിച്ചു. ഗിൽ രണ്ടാം പന്തിൽ തന്നെ ഫോറടിച്ച് ഫോം വീണ്ടെടുത്തു, മൂന്നാം ഓവറിൽ തുടർച്ചയായി നാല് ബൗണ്ടറികൾ പായിച്ചു. ഇടിമിന്നലും മഴയും തുടർന്നതോടെ ഗാലറിയിലെ കാണികളെപ്പോലും ഒഴിപ്പിച്ചു.
അഭിഷേക് ശർമ ട്വന്റി20യിൽ 1000 റൺസ് നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും കുറഞ്ഞ പന്തിൽ (528) ഈ നേട്ടം കൈവരിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കി, സൂര്യകുമാർ യാദവിന്റെ (573) റെക്കോർഡ് തകർത്തു. കുറഞ്ഞ ഇന്നിങ്സുകളിൽ (28) നേട്ടമെത്തിയ ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിക്ക് (27) പിന്നിൽ രണ്ടാം സ്ഥാനവും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ തിലക് വർമയ്ക്ക് പകരം റിങ്കു സിങ് എത്തി, ഓസീസ് ടീമിൽ മാറ്റമില്ല.















