
ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന്റെ നീക്കം നിരീക്ഷിച്ച് സൈന്യം.
കശ്മീരിലും മറ്റ് ഇന്ത്യ -പാക് അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവന്‍ കനത്ത ജാഗ്രതയിലായിരുന്നു. വെടിനിര്‍ത്തലിനു ശേഷവും പാക്കിസ്ഥാന്‍ ഡ്രോണ്‍, ഷെല്‍ ആക്രമണങ്ങള്‍ തുടര്‍ന്നത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നതൊഴിച്ചാല്‍ ജമ്മുവില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ രാത്രി ഉണ്ടായില്ല. സൈന്യം മേഖലയില്‍ ജാഗ്രതയിലാണ്. പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായ നിലപാടെടുത്തതോടെ അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് എത്തുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പൂഞ്ച് മേഖലയിലും ജനജീവിതം സാധാരണനിലയിലേക്ക് പോവുകയാണ്. രാത്രി വെടിവെയ്‌പ്പോ ഡ്രോണ്‍ ആക്രമണമോ ഉണ്ടായില്ല. പഞ്ചാബിലെ പഠാന്‍കോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി. ഗുജറാത്തിലെ പാകിസ്ഥാനിലെ അതിര്‍ത്തിയിലും സ്ഥിതി ശാന്തമാണ്.
അതേസമയം, ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തല്‍ കരാറില്‍ നിര്‍ണായകമാണ്.















