
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 408 റൺസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട ഇന്ത്യ, പരമ്പര 0-2ന് കൈവിട്ടതോടെ പരിശീലകൻ ഗൗതം ഗംഭീറിനെ മാറ്റാനായി മുറവിളി. ബാർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയലക്ഷ്യമായ 549 റൺസ് പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 140 റൺസിന് പുറത്തായി. സൈമൺ ഹാർമറുടെ ആറ് വിക്കറ്റ് (6/37) പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറി (50) ആണ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് 489 റൺസിനും രണ്ടാം ഇന്നിങ്സ് 260/5 (ഡിക്ലയർ) എന്നതുമായിരുന്നു.
ഇത് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോൽവിയാണ്. 2004ലെ ഓസ്‌ട്രേലിയക്കെതിരായ 342 റൺസിന്റെ പരാജയത്തെ മറികടന്നു. 25 വർഷത്തിന് ശേഷം (1999-2000 ശേഷം) ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ നാട്ടിൽ ഇന്ത്യ പരമ്പര കൈവിടുകയായിരുന്നു. ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള പ്രൊട്ടിയാസ്, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ്സ് ടേബിളിൽ രണ്ടാമത് സ്ഥാനത്തെത്തി.
നേരത്തെ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ മണ്ണിൽ ടീം ഇന്ത്യ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടപ്പോൾ മുതൽ പരിശീലകൻ ഗംഭീറിനെ മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയും വൈറ്റ്‌വാഷ് ചെയ്യപ്പെട്ടതോടെ ഗംഭീറിനെ മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ ‘എന്റെ ഭാവി ബിസിസിഐ തീരുമാനിക്കട്ടെ’ എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്, ഞാനല്ല. ഇക്കാര്യം ഞാന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നായിരുന്നു ഗംഭീറിന്‍റെ വാക്കുകള്‍. ഇംഗ്ലണ്ടില്‍ ചാംപ്യന്‍സ്ട്രോഫി നേടിയതും ഏഷ്യകപ്പ് നേടിയതും എനിക്ക് കീഴിലാണ്. എന്‍റെ കാര്യം ബിസിസിഐ തീരുമാനിക്കും എന്നണ് ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പരമ്പര പരാജയപ്പെട്ടതിന് ഇന്ത്യൻ ടീമിലെ ഓരോ വ്യക്തിയും ഉത്തരവാദിയായിരിക്കണം എന്നും ഗംഭീര്‍ പറഞ്ഞു.













