
ന്യൂഡൽഹി: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ തീരുവ ഭീഷണികൾക്കിടയിലും റഷ്യയിൽനിന്ന് വിലക്കുറവിൽ എണ്ണ ലഭിച്ചുതുടങ്ങിയതോടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾ. എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കാൻ അമേരിക്കയുമായുള്ള വ്യാപാര ചർച്ച നീണ്ടുപോകുന്നതും കാരണമായെന്നും വരുംമാസങ്ങളിൽ ഇത് ഇനിയും വർധിക്കുമെന്നും ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യ- യുക്രൈൻ യുദ്ധത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ സഹായിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യയിൽനിന്ന് ഇന്ത്യ ഓയിൽ ഇറക്കുമതി ചെയ്യാതിരിക്കാൻ ഇന്ത്യയ്ക്കെതിരേ 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയെങ്കിലും ട്രംപിൻ്റെ ഭീഷണിയിൽ വഴങ്ങാതെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന നിലപാട് ആണ് എടുത്തിരിക്കുന്നത്.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒക്ടോബറിൽ പ്രതിദിനം ശരാശരി 1.7 ദശലക്ഷം ബാരൽ ആയേക്കാമെനാണ് കെപ്ലർ ലിമിറ്റഡ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസത്തേക്കാൾ ആറ് ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷത്തേക്കാൾ അല്പം കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.