24 മണിക്കൂറിൽ അമേരിക്കയിലേക്ക് അടിയന്തര മടക്കം, ഇന്ത്യൻ പൗരന്മാർക്ക് എല്ലാ സഹായവും ചെയ്യാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

എച്ച് വൺ ബി വീസയുള്ളവർ ഉൾപ്പെടെ യു എസിലേക്ക് അടിയന്തരമായി മടങ്ങുന്ന എല്ലാവർക്കും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദ്ദേശം നൽകി. പല പ്രമുഖ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് 24 മണിക്കൂറിനുള്ളിൽ യുഎസിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും, ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

ഈ നിർദ്ദേശം പുറപ്പെടുവിച്ചതിന്റെ പശ്ചാത്തലത്തിൽ, യുഎസിലേക്കുള്ള യാത്രാ ക്രമീകരണങ്ങൾ വേഗത്തിലാക്കാനും എല്ലാ യാത്രക്കാർക്കും ആവശ്യമായ മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാനും നയതന്ത്ര കാര്യാലയങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിസാ നടപടിക്രമങ്ങൾ, യാത്രാ രേഖകൾ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയിൽ പൂർണ പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനാൽ, ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ എച്ച്-1ബി, എച്ച്-4 വീസകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിയന്തിര നിർദേശം മെറ്റയും മൈക്രോസോഫ്റ്റും ആമസോണുമടക്കമുള്ള അമേരിക്കയിലെ ടെക് ഭീമന്മാർ നൽകിയിരുന്നു. നാട്ടിൽ പോയവർ 2025 സെപ്റ്റംബർ 21 നകം യുഎസിലേക്ക് മടങ്ങണമെന്നും, നിലവിൽ യുഎസിൽ ഉള്ളവർ രാജ്യം വിടരുതെന്നും കമ്പനികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വീസ പരിഷ്കരണ നിർദേശങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ തീരുമാനം. പുതിയ നയം പ്രകാരം, ഓരോ എച്ച്-1ബി വീസയ്ക്കും കമ്പനികൾ പ്രതിവർഷം ഒരു ലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ) അധിക ഫീസ് നൽകേണ്ടി വരും.

More Stories from this section

family-dental
witywide