
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടിയായി പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളെയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ പാക് സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോട് ഇന്ത്യ വ്യക്തമാക്കി.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സർജിക് സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും ഒരു സാധാരണക്കാരനെ പോലും ഓപ്പറേഷൻ സിന്ദൂരിൽ ആക്രമിച്ചിട്ടില്ലെന്നും രാജ്നാഥ് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തെ പ്രകീർത്തിച്ച പ്രതിരോധ മന്ത്രി, കൃത്യമായ ആസുത്രണത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയതെന്നും വിവരിച്ചു. പാക്കിസ്ഥാനെതിരെ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് വിവരിച്ചു.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ചുട്ട മറുപടിയാണ് ഇന്ത്യ നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.