
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയാല്‍ തീരുവ ഇനിയും ഉയര്‍ത്തുമെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മുമ്പില്‍ മുട്ടുമടക്കാതെ ഇന്ത്യ. 50 ശതമാനം തീരുവ അടിച്ചേല്‍പ്പിച്ചിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി പറഞ്ഞു.
റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും അത് വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ തന്നെയാണ് ഉദ്ദേശമെന്നും രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍ പറയുന്നു. അതേ സമയം, വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടാനും പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യന്‍ എണ്ണ വാങ്ങാതിരിക്കാന്‍ പ്രത്യേകിച്ച് ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാരില്‍നിന്ന് ഇറക്കുമതി സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും സാഹ്നി പറഞ്ഞു.