
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സുപ്രധാന നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാരുമായി ഇന്ത്യ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. കശ്മീരിലെ ഭീകരാക്രമണത്തെ താലിബാൻ അപലപിക്കുകയും ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം കാബൂളുമായുള്ള ഔദ്യോഗിക ബന്ധം ഇന്ത്യ വിച്ഛേദിച്ചിരുന്നു.
ഈ സാഹചര്യത്തിലും ഇത് ഇന്ത്യക്ക് ഒരു വലിയ നയതന്ത്ര വിജയമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഇന്ത്യൻ പ്രതിനിധി സംഘം കാബൂൾ സന്ദർശിക്കുകയും താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അടുത്തിടെയുള്ള പ്രാദേശിക സംഭവവികാസങ്ങൾ ആണ് പ്രധാനമായും ചർച്ച ചെയ്തതെന്നാണ് വിവരം. ഇത് പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഇസ്ലാമാബാദ് അതിർത്തി തർക്കങ്ങൾ, ഭീകരവാദ ആരോപണങ്ങൾ, അഫ്ഗാൻ അഭയാർഥികളെ കൂട്ടത്തോടെ നാടുകടത്തൽ എന്നിവ കാരണം ഒരു വർഷത്തോളം നീണ്ടുനിന്ന പിരിമുറുക്കത്തിന് ശേഷം പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അഫ്ഗാനിസ്ഥാൻ സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ ഈ സുപ്രധാനമായ നയതന്ത്ര നീക്കം.