
ന്യൂഡൽഹി: റഷ്യയിൽനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ വാങ്ങുന്നതിനേപ്പറ്റി ആലോചനയിൽ ഇന്ത്യ. ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ യുദ്ധവിമാന ഇടപാടിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. യുദ്ധവിമാനത്തിൻ്റെ പ്രത്യേകതകൾക്കൊപ്പം ഇന്ത്യയിൽ നിർമിക്കാനുള്ള അവകാശവും നൽകാമെന്ന റഷ്യൻ ഓഫറും പരിഗണിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. റഷ്യയുടെ ഓഫറിൽ ഇരുരാജ്യങ്ങളും ചർച്ചകൾ തുടങ്ങി. തീരുമാനത്തിലേക്ക് എത്തിയാൽ ഈ വർഷം അവസാനത്തോടെ റഷ്യൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ കരാർ ഒപ്പിടും.
അടിയന്തരമായി 20 യുദ്ധവിമാനങ്ങൾ നേരിട്ട് റഷ്യയിൽനിന്ന് വാങ്ങാനും ബാക്കി സാങ്കേതികവിദ്യ കൈമാറ്റത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കാനുമാണ് ഉദ്ദേശ്യം. പാകിസ്താൻ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള ഭീഷണികളെ ഒരേസമയം നേരിടേണ്ടിവന്നാൽ വ്യോമസേനയ്ക്ക് കുറഞ്ഞത് 42 സ്ക്വാഡ്രൺ എങ്കിലും വേണ്ടിവരും. നിലവിൽ 31 സ്ക്വാഡ്രൺ എന്ന നിലയിലാണ് വ്യോമസേന.ഇതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയ സ്റ്റെൽത്ത് വിമാന പദ്ധതിക്ക് റഷ്യൻ സാങ്കേതികവിദ്യാ കൈമാറ്റം കൂടുതൽ കരുത്ത് പകരും.
നിലവിൽ എസ് യു 57-ഇയുടെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാമെന്ന് റഷ്യ വാഗ്ദാനം ചെയ്‌തിരുന്നു. ഇന്ത്യയിൽ നിർമിക്കാനുള്ള ലൈസൻസും നൽകും. അങ്ങനെയെങ്കിൽ മഹാരാഷ്ട്രയിലെ നാസിക്കിലുള്ള എസ് യു 30 എംകെഐയുടെ നിർമാണ കേന്ദ്രത്തിൽ വെച്ചാകും എസ് യു-57 ഇ നിർമിക്കുക. ഇതിനൊപ്പം 4.5 ജനറേഷൻ മൾട്ടിറോൾ യുദ്ധവിമാനമായ എസ് യു-365 എം കൂടെ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം യുദ്ധവിമാനത്തിൻ്റെ മുഴുവൻ സോഴ്സ് കോഡും നൽകാമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. മൂന്ന് വർഷം കൊണ്ട് 40 എസ് യു-365 എം യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക്കൈമാറാനാകുമെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്. നിലവിലെ ഇന്ത്യയുടെ യുദ്ധവിമാനത്തിൻ്റെ ലഭ്യതക്കുറവിന് ഇത് ആശ്വാസമാകും. സ്‌ക്വാഡ്രൺ ശേഷി നിലനിർത്താനും സഹായിക്കും. ഈ സമയംകൊണ്ട് ഇന്ത്യയിൽ എസ് യു-57 ഇ യുദ്ധവിമാന നിർമാണം വേഗത്തിലാക്കാനും സാധിക്കുമെന്നാണ് റഷ്യയുടെ ഓഫർ.