
ഇറ്റാനഗര്‍: ടിബറ്റിലുള്ള യാർലുങ് സാങ്പോ നദിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ചൈന നിർമ്മിക്കുമ്പോൾ ആശങ്ക ഇന്ത്യക്ക്. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ മാത്രം അകലെയാണ് ഈ അണക്കെട്ട്. 137 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 60,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വമ്പൻ പദ്ധതി ഇപ്പോഴും അതീവ രഹസ്യസ്വഭാവത്തിലാണ് മുന്നോട്ട് പോകുന്നത്.
ഇന്ത്യയിൽ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന സാങ്പോ നദിയുടെ ‘ഗ്രേറ്റ് ബെൻഡ്’ എന്നറിയപ്പെടുന്ന ഭാഗത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ വലുപ്പവും അരുണാചൽ പ്രദേശുമായുള്ള അതിർത്തിയിലെ സാമീപ്യവും കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഈ ആഴ്ച ഇതിനെ ‘ജലബോംബ്’ എന്ന് വിശേഷിപ്പിക്കുകയും, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും താഴെയായി സ്ഥിതി ചെയ്യുന്ന സമൂഹങ്ങളെയും അവിടുത്തെ ആവാസവ്യവസ്ഥയെയും നശിപ്പിക്കാൻ ഇതിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
2024ൽ മെഡോഗ് കൗണ്ടിയിൽ അണക്കെട്ടിന് അനുമതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിട്ടും, ബെയ്ജിംഗിന്‍റെ സുതാര്യതയില്ലായ്മ ഈ പദ്ധതിയെ രഹസ്യമായി നിലനിർത്താൻ കാരണമായിട്ടുണ്ട്. ഇത് മേഖലയിലെ സംഘർഷങ്ങൾക്കും വഴിയൊരുക്കി. അരുണാചൽ പ്രദേശിനെ സംബന്ധിച്ചിടത്തോളം, ഈ അണക്കെട്ട് ഒരു അസ്തിത്വപരമായ ഭീഷണിയാണ്. പെട്ടെന്നുള്ള ജലപ്രവാഹം സിയാങ്, ബ്രഹ്മപുത്ര നദികളിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഒഴുക്ക് നിയന്ത്രിക്കുന്നത് ജലലഭ്യതയെ ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.