
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ ശിക്ഷാ തീരുവ ചുമത്തുന്നതിനിടയില്‍ ഇന്ത്യക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ഇന്ത്യയും അമേരിക്ക തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്നും ചൈനയുടെ വളര്‍ന്നുവരുന്ന ആഗോള അഭിലാഷങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിര്‍ണായകമാണെന്നും ട്രംപിന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുതെന്ന മുന്നറിയിപ്പും അവര്‍ ട്രംപിന് നല്‍കി. മാത്രമല്ല, താരിഫ് പ്രശ്നങ്ങളോ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ പങ്കോ ഉന്നയിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്രംപ് ഭരണകൂടത്തെ അനുവദിക്കാനാവില്ലെന്നും നിക്കി ഹേലി പറഞ്ഞു. ചൈനയെ മറികടക്കുകയും സമാധാനം കൈവരിക്കുകയും ചെയ്യുക എന്ന ട്രംപ് ഭരണകൂടത്തിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ നേടുന്നതിന്, യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാവായ നിക്കി ഹേലിയുടെ പ്രതികരണം ട്രംപിനെതിരായ കടുത്ത വിമര്‍ശനമാണ്. ‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയിട്ടും ചൈനയ്ക്ക് ഉപരോധം ഇല്ലെന്നും ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കാണേണ്ടതില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയെ വിലപ്പെട്ട സ്വതന്ത്രനും ജനാധിപത്യപരവുമായ പങ്കാളിയെപ്പോലെ പരിഗണിക്കണം’ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘ഏഷ്യയിലെ ചൈനീസ് ആധിപത്യത്തിന് എതിരായി വര്‍ത്തിക്കാന്‍ കഴിയുന്ന ഒരേയൊരു രാജ്യമായ ഇന്ത്യയുമായി ബന്ധം നഷ്ടപ്പെടുത്തുന്നത് ഒരു തന്ത്രപരമായ ദുരന്തമായിരിക്കും, എന്നും നിക്കി ഓര്‍മ്മപ്പെടുത്തി. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്ത്യയുടെ പ്രാധാന്യം കൂടുതല്‍ ആഴമേറിയതാണ്. 2023 ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ചൈനയെ മറികടന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ലളിതമായി പറഞ്ഞാല്‍, ഇന്ത്യയുടെ ശക്തി വളരുന്നതിനനുസരിച്ച് ചൈനയുടെ അഭിലാഷങ്ങള്‍ ചുരുക്കേണ്ടിവരും. കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ചൈനയില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ ഉയര്‍ച്ച സ്വതന്ത്ര ലോകത്തിന് ഭീഷണിയല്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ ആദ്യ ഭരണകൂടത്തില്‍ 2017 ജനുവരി മുതല്‍ 2018 ഡിസംബര്‍ വരെ ഐക്യരാഷ്ട്രസഭയിലെ 29-ാമത് യുഎസ് അംബാസഡറായിരുന്നു നിക്കി ഹേലി. ഒരു പ്രസിഡന്‍ഷ്യല്‍ കാബിനറ്റില്‍ സേവനമനുഷ്ഠിച്ച ആദ്യത്തെ ഇന്ത്യന്‍ അമേരിക്കക്കാരിയുമായിരുന്നു അവര്‍.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ സ്‌ഫോടനാത്മകമായ സംഭവങ്ങളുടെ ഒരു പരമ്പരയാണ് ഉണ്ടായത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇതിനകം ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവയ്ക്ക് പുറമേ, റഷ്യന്‍ എണ്ണ വാങ്ങുന്നതിന് 25 ശതമാനം ശിക്ഷാ തീരുവയും ചുമത്തിയാണ് ട്രംപ് ഭരണകൂടം ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്കയുടെ പങ്ക് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നതുള്‍പ്പെടെ ട്രംപിനെ ഇന്ത്യക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നുണ്ട്.