
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വാഹന കയറ്റുമതി വലിയ വളര്‍ച്ചയിലാണെന്നും 2014 വരെ ഏകദേശം 50,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ വാര്‍ഷിക കയറ്റുമതി 1.2 ലക്ഷം കോടി രൂപയിലേക്കെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ മെട്രോ കോച്ചുകള്‍, റെയില്‍ കോച്ചുകള്‍, റെയില്‍ ലോക്കോമോട്ടീവുകള്‍ എന്നിവ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും 100 രാജ്യങ്ങളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുകയാണെന്നും മോദി പറഞ്ഞു. ഈ നേട്ടവുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി ഓഗസ്റ്റ് 26 ന് നടക്കുമെന്നും പ്രധാനമന്ത്രി പങ്കുവെച്ചു. ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മുന്‍കാല നയങ്ങള്‍ ‘ഇറക്കുമതികളില്‍’ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്വാശ്രയ ഇന്ത്യ പുതിയ കയറ്റുമതി റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം കാര്‍ഷികോല്‍പ്പന്ന കയറ്റുമതി 4 ലക്ഷം കോടി രൂപയിലെത്തി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള 65 വര്‍ഷത്തിനിടയില്‍ ഏകദേശം 35,000 കോടി രൂപയിലെത്തിയ ഇലക്ട്രോണിക്‌സ് കയറ്റുമതി ഇപ്പോള്‍ 3.25 ലക്ഷം കോടി രൂപയ്ക്ക് അടുത്താണെന്ന് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
”ജിഎസ്ടിയില്‍ ഒരു പ്രധാന പരിഷ്‌കരണം നടക്കുന്നുണ്ട്, ദീപാവലിയോടെ ഇത് പൂര്‍ത്തിയാകുകയും ജിഎസ്ടി ലളിതമാക്കുകയും വിലകള്‍ കുറയ്ക്കുകയും ചെയ്യും,” പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലും വന്‍ കുതിപ്പ് കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് സ്വന്തമായി ഒരു ബഹിരാകാശ നിലയം ഭ്രമണപഥത്തില്‍ എത്തുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം എടുത്തുകാട്ടി.
രാജ്യത്ത് ആദ്യത്തെ സെമികണ്ടക്ടര്‍ ഫാക്ടറി സ്ഥാപിക്കുമെന്ന അവകാശവാദം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഈ വര്‍ഷം അവസാനത്തോടെ’ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ചിപ്പ്’ വിപണിയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.