ഇന്ത്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമാക്കണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. ലോകത്തിന്റെ അടുത്ത സൂപ്പർ പവറായി അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ഉയരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകാതിരുന്നാൽ യുഎൻ പ്രസക്തി നഷ്ടപ്പെടുമെന്നും സ്റ്റബ് മുന്നറിയിപ്പ് നൽകി.
സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന് ദീർഘകാലമായി വാദിക്കുന്ന സ്റ്റബ്, അംഗസംഖ്യ ഇരട്ടിയാക്കി വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ജനറൽ അസംബ്ലിയിൽ ഇക്കാര്യം രണ്ടുതവണ ഉന്നയിച്ചിട്ടുണ്ടെന്ന് സ്റ്റബ് വ്യക്തമാക്കി.
ആഗോള സ്ഥിരതയ്ക്ക് ഒഴിച്ചുകൂടാനാവാത്ത രാജ്യമാണ് ഇന്ത്യയെന്ന് ഫിൻലൻഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫസ്റ്റ്പോസ്റ്റ് മാനേജിങ് എഡിറ്റർ പൽകി ശർമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.















