ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടയിൽ ഇന്ത്യയുടെ യുദ്ധവിമാനമായ റഫാല്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം വിമാന നിർമാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ തള്ളി. ദസ്സാൾട്ട് ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയറാണ് പാക്കിസ്ഥാന് മറുപടിയുമായി രംഗത്തെത്തിയത്.
സാങ്കേതിക തകരാർ മൂലം ഇന്ത്യയുടെ ഒരു റഫാല്‍ യുദ്ധവിമാനം ഓപ്പറേഷൻ സിന്ദൂരിനിടെ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് റഫാല്‍ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം തെളിവില്ലാത്തതും അടിസ്ഥാനരഹിതവുമാണെന്നും ഫ്രഞ്ച് വെബ്‌സൈറ്റിനോട് ദസ്സാൾട്ട് തലവൻ പറഞ്ഞു. ഹൈ ആൾട്ട്യൂടിൽ ഉണ്ടായ സാങ്കേതിക തകരാറാണ് നഷ്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. റാഫേൽ ജെറ്റുകൾ പാകിസ്ഥാൻ വ്യോമസേന വെടിവച്ചിട്ടുവെന്ന് പറയുന്നത് തെറ്റാണെന്ന് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ആർ.കെ. സിംങ്ങും വ്യക്തമാക്കി.
ജെ-10സി മൾട്ടി-റോൾ കോംബാറ്റ് എയർക്രാഫ്റ്റ് വിക്ഷേപിച്ച PL-15E ലോംഗ് റേഞ്ച് മിസൈലുകൾ ഉപയോഗിച്ച് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയുടെ മൂന്ന് റഫാല്‍ ഉൾപ്പെടെ അഞ്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ വ്യോമസേന അവകാശവാദം ഉയർത്തിയിരുന്നു. ഒരു തെളിവും നൽകാതെയാണ് പാകിസ്ഥാൻ ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.















