
ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണയില്‍ മധ്യസ്ഥത വഹിച്ചുവെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അപകടകരമാം വിധം ഉയര്‍ന്ന തലത്തിലേക്ക് വളര്‍ന്നുവെന്നും വെടിനിര്‍ത്തലില്‍ യുഎസിനു പങ്കുണ്ടെന്നുമാണ് ട്രംപ് മിഡില്‍ ഈസ്റ്റ് സന്ദര്‍ശന വേളയില്‍, ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തട്ടിവിട്ടത്. ട്രംപ് ആദ്യ വാദം ഉന്നയിച്ചപ്പോള്‍ മുതല്‍ ഇന്ത്യ തിരുത്തലുമായി എത്തിയെങ്കിലും യുഎസ് പിന്നോട്ടുപോയില്ല.
ഫോക്‌സ് ന്യൂസിനോട് വെടിനിര്‍ത്തലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ‘തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ വിജയങ്ങളിലൊന്ന്’ എന്നാണ് വിശേഷിപ്പിച്ചത്. വെടിനിര്‍ത്തല്‍ ധാരണയില്‍ മധ്യസ്ഥത വഹിച്ചെന്ന ട്രംപിന്റെയും യുഎസ് ഭരണകൂടത്തിന്റെയും അവകാശവാദങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ നിഷേധിച്ചിരുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡിജിഎസ്എംഒ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതെന്ന് ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ സൈന്യവും വാദിച്ചു. എന്നാല്‍ ഇതൊന്നും ട്രംപ് ചെവിക്കൊള്ളുന്ന മട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അപകടകരമാം വിധം വര്‍ദ്ധിച്ചുവെന്നും ഒരു ആണവ സംഘര്‍ഷത്തിന്റെ വക്കിലേക്ക് വരെ അടുത്തുവെന്നും ട്രംപ് അഭിമുഖത്തിനിടെ അവകാശപ്പെട്ടു.















