അമേരിക്കയുടെ സ്വാധീനമല്ല, നേരിട്ടുള്ള ഉഭയകക്ഷി കരാറിലാണ് ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിച്ചത് – ആവര്‍ത്തിച്ച് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് നേരിട്ടുള്ള ഉഭയകക്ഷി കരാറിന്റെ ഫലമാണെന്നും, അമേരിക്കയുടെ സ്വാധീനത്താലല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ആവര്‍ത്തിച്ചു. നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുള്ള പ്രക്ഷേപകനായ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തിലാണ് അമേരിക്കയെ തള്ളി ഇന്ത്യ വീണ്ടും എത്തിയത്.

പാകിസ്ഥാന്‍ തീവ്രവാദത്തെ ഒരു നയമായി ഉപയോഗിക്കുന്നുവെന്ന് ഇന്ത്യയുടെ ദീര്‍ഘകാല ആശങ്കകള്‍ ജയ്ശങ്കര്‍ എടുത്തുകാണിക്കുകയും അത്തരം ഭീഷണികളോട് നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

‘ഏപ്രില്‍ 22 ന് നമ്മള്‍ കണ്ടതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍, പ്രതികരണമുണ്ടാകും എന്ന വ്യക്തമായ സന്ദേശവും അദ്ദേഹം നല്‍കി. തീവ്രവാദികളെ ഞങ്ങള്‍ ആക്രമിക്കും, തീവ്രവാദികള്‍ പാകിസ്ഥാനിലാണെങ്കില്‍, അവര്‍ എവിടെയാണോ അവിടെ വെച്ച് ഞങ്ങള്‍ അവരെ ആക്രമിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 10 ന് ഹോട്ട്ലൈന്‍ ആശയവിനിമയത്തിലൂടെ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാറിന് താത്പര്യം അറിയിച്ചു. ‘വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന് സന്ദേശം അയച്ചത് പാകിസ്ഥാന്‍ സൈന്യമാണ്, ഞങ്ങള്‍ അതിനനുസരിച്ച് പ്രതികരിച്ചു,’ അദ്ദേഹം പറഞ്ഞു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുകയും ഇരുവിഭാഗങ്ങളോടും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്‌തെങ്കിലും, ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ മാത്രമായി വെടിനിര്‍ത്തല്‍ ചര്‍ച്ച നടത്തിയെന്നും ജയ്ശങ്കര്‍ ആവര്‍ത്തിച്ചു.

അതേസമയം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും തന്നോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും – ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച ജയ്ശങ്കര്‍ അവരുടെ പങ്കുവെച്ചത് ആശങ്ക മാത്രമായിരുന്നുവെന്നും വ്യക്തമാക്കി. ‘ഇന്ത്യയുമായി ബന്ധപ്പെട്ട അമേരിക്കയുള്‍പ്പെടെ എല്ലാവരോടും ഞങ്ങള്‍ ഒരു കാര്യം വളരെ വ്യക്തമായി പറഞ്ഞു, പാകിസ്ഥാനികള്‍ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ഞങ്ങളോട് പറയണമെന്ന്. ഞങ്ങള്‍ അത് അവരില്‍ നിന്ന് കേള്‍ക്കേണ്ടതുണ്ട്. അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് പറയണം. അങ്ങനെയാണ് വെടിനിര്‍ത്തല്‍ സംഭവിച്ചത്,’- അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു. പാകിസ്ഥാനിലെയും പാക അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ തിരിച്ചടി നല്‍കി. ഇന്ത്യയുടെ പ്രതികരണത്തിന്റെ ഫലമായി ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide