
ദില്ലി: ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചത് താനെന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗാസ സമാധാന ഉച്ചകോടിക്കിടെ വീണ്ടും ആവർത്തിച്ചതിനോട് പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോൺഗ്രസ്. ട്രംപിൻ്റെയും പാകിസ്ഥാൻ പ്രധാനമന്ത്രിയുടെയും പരാമർശത്തോട് വിദേശകാര്യമന്ത്രാലയം മൗനം പാലിക്കുകയാണെന്നും ഇന്ത്യ പാകിസ്ഥാൻ സംഘർഷം തീർത്തെന്ന് 52 വട്ടം ട്രംപ് പറഞ്ഞിട്ടും മോദി എന്തുകൊണ്ട് ഇത് തള്ളുന്നില്ലെന്ന് കോൺഗ്രസ് ചോദിച്ചു.
ഗാസ സമാധാന ഉച്ചകോടിയിൽ ട്രംപ് തൊട്ടടുത്ത് നിന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹാബാസ് ഷെരീഫിനോട് ഇക്കാര്യം സ്ഥിരീകരിക്കാൻ നിർദ്ദേശിക്കുകയും ഇന്ത്യ പാക് സംഘർഷം തീർക്കാൻ ഇടപെട്ടത് ട്രംപാണെന്നും ഇതിന് നോബെൽ സമ്മാനം നല്കണമെന്നും ഷഹ്ബാസ് ഷെരീഫും പറഞ്ഞു. നൂറ് ശതമാനം തീരുവ ഏർപ്പെടുത്തും എന്ന് ഭീഷണി ഉയർത്തിയാണ് സംഘർഷം അവസാനിപ്പിച്ചതെന്ന് ട്രംപ് ഇന്നലെയും പറഞ്ഞിരുന്നു.
ഗാസ സമാധാന പദ്ധതിക്ക് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയാണ് പ്രതികരിച്ചത്. ഈജിപ്തിലെ ഉച്ചകോടിയിൽ പാകിസ്ഥാൻ സേന മേധാവി അസിം മുനീറിനെ മഹാനായ ജനറൽ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പഹൽഗാമിൽ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ പാക് സൈനിക മേധാവിയെ ട്രംപ് പുകഴ്ത്തിയതിൽ കേന്ദ്ര സർക്കാരിൻറെ നിലപാടെന്തെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗൂർ ചോദിച്ചു. അതേസമയം, ട്രംപിൻ്റെ അവകാശവാദത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണ് വിദേശകാര്യമന്ത്രാലയം തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.