
ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 24 വിമാനത്താവളങ്ങള്‍ അടച്ചു. കുളു മണാലി, കിഷന്‍ഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങളാണ് അവസാനം അടച്ചത്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്. ചെന്നൈയില്‍നിന്ന് പുറപ്പെടേണ്ട 5 സര്‍വീസുകളും എത്തിച്ചേരേണ്ട 5 സര്‍വീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി.
ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, കുളു മണാലി, കിഷന്‍ഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിന്‍ഡ, ജയ്‌സാല്‍മര്‍, ജോധ്പുര്‍, ബിക്കാനീര്‍, ഹല്‍വാഡ, പഠാന്‍കോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭുജ് എന്നിവയാണ് അടച്ച വിമാനത്താവളങ്ങള്‍. അമൃത്സര്‍, ചണ്ഡിഗഡ് , ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ വൈകുന്നുണ്ട്.
സുരക്ഷാ പരിശോധനകള്‍ ഇരട്ടിയാക്കിയതിനാല്‍ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ 3 മണിക്കൂര്‍ മുമ്പേ എത്തണമെന്നും നിര്‍ദേശമുണ്ട്. നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനുശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്ക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്.