ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബര്‍ 9 മുതല്‍ ന്യൂജേഴ്സിയില്‍; വി.കെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥി

സുനില്‍ തൈമറ്റം

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ മുഖ്യാതിഥിയായി വി.കെ ശ്രീകണ്ഠന്‍ എംപി പങ്കെടുക്കുമെന്ന് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് അറിയിച്ചു. 2025 ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ ന്യൂജേഴ്സിയിലെ എഡിസണ്‍ ഷെറാട്ടണില്‍ വെച്ചാണ് അന്താരാഷ്ട്ര മാധ്യമസമ്മേളനം.

2019 മുതല്‍ പാലക്കാട് നിന്ന് ലോക്‌സഭ അംഗമായ വി. കെ ശ്രീകണ്ഠന്‍ ഒറ്റപ്പാലം എന്‍എസ്എസില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1993-ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും, പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ഇദ്ദേഹം. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ആയും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. 2016 മുതല്‍ പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന പദവിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ഒറ്റപ്പാലം പാര്‍ലമെന്റ് സീറ്റിലേക്കും ചേലക്കര മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവര്‍ മുന്‍ വനിതാ കമ്മിഷന്‍ അംഗവും നിലവില്‍ നെന്മാറ എന്‍എസ്എസ് പ്രിന്‍സിപ്പലും ആണ്.

കേരളത്തില്‍ നിന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ് (മനോരമ ന്യൂസ്) , ലീന്‍ ബി. ജെസ്മസ് (ന്യൂസ് 18 കേരളം) അബ്ജോത് വര്‍ഗീസ് (ഏഷ്യാനെറ്റ് ന്യൂസ്), സുജയ പാര്‍വ്വതി (റിപ്പോര്‍ട്ടര്‍ ടി.വി) ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്) മറ്റു രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രഗത്ഭരും, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ അതികായരും പങ്കെടുക്കുന്ന ഈ കോണ്‍ഫറന്‍സ് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

More Stories from this section

family-dental
witywide