
ന്യൂഡൽഹി : തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ വിവാദഭൂമിയിൽ സ്ഥാപിച്ചിരുന്ന വിഷ്ണു പ്രതിമ തകർത്ത സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശത്ത് സ്ഥാപിച്ചിരുന്ന പുരാതനമായ വിഷ്ണു പ്രതിമയാണ് തകർക്കപ്പെട്ടത്. സാംസ്കാരികവും മതപരവുമായ പ്രതീകങ്ങളെ ഇത്തരത്തിൽ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു. വിഷയം ഇരു രാജ്യങ്ങളുമായും നയതന്ത്ര തലത്തിൽ ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം നിലനിൽക്കുന്ന ഒരു പ്രദേശത്ത് അടുത്തിടെ നിർമ്മിച്ച ഒരു ഹിന്ദു മത ദേവന്റെ പ്രതിമ തകർത്തതായി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. നമ്മുടെ പങ്കിട്ട നാഗരിക പൈതൃകത്തിന്റെ ഭാഗമായി, പ്രദേശത്തുടനീളമുള്ള ആളുകൾ ഹിന്ദു, ബുദ്ധ ദേവതകളെ ആഴത്തിൽ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. “പ്രദേശിക അവകാശവാദങ്ങൾ ഉണ്ടെങ്കിലും, ഇത്തരം അനാദരവുള്ള പ്രവൃത്തികൾ ലോകമെമ്പാടുമുള്ള അനുയായികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു, അവ അങ്ങനെ സംഭവിക്കരുത്. ഇരു പക്ഷവും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനും, സമാധാനം പുനരാരംഭിക്കാനും, കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാനും, സ്വത്തിനും പൈതൃകത്തിനും നാശനഷ്ടങ്ങൾ ഒഴിവാക്കാനും ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,” വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
തായ്‌ലൻഡും കംബോഡിയയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിന്റെ ഭാഗമായാണ് ഈ അനിഷ്ട സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
India reacts as Vishnu statue demolished at Thailand-Cambodia border.















