‘ഇരട്ടത്താരകം പോലെ തിളങ്ങുന്ന ഇന്ത്യ-റഷ്യ സൗഹൃദം’; മോദി-പുടിൻ കൂടിക്കാഴ്ച്ചയിൽ 8 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം “ഇരട്ടത്താരകം പോലെ” തിളങ്ങുന്നതും ആഴമേറിയതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ 23-ാമത് വാർഷിക ഇന്ത്യ സന്ദർശനവേളയിൽ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കും 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്കും ശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഈ സൗഹൃദത്തിന്റെ ശക്തി വർക്കുന്നതിൽ പുടിന്റെ സംഭാവന അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും എട്ട് പ്രധാന്ത കരാറുകളിൽ ഒപ്പുവച്ചു. തൊഴിൽ-കുടിയേറ്റം, ആരോഗ്യം, ഷിപ്പിങ്, രാസവള വിതരണം, 2030 വരെയുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത പദ്ധതി, സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ, സംയുക്ത യൂറിയ ഉൽപ്പാദനം, സൈനികേതര ആണവോർജ മേഖല എന്നിവയിലാണ് ധാരണകളുണ്ടായത്. കൂടംകുളം ആണവനിലയ നിർമാണം വേഗത്തിലാക്കാനും ചെറു ആണവ റിയാക്ടറുകൾ വികസിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.

റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്ന് മോദി ആവർത്തിച്ചു. “സമാധാനത്തിനായി ഇന്ത്യ എല്ലാ സഹായവും നൽകാൻ തയാറാണെന്നും ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ച് നിലകൊള്ളുമെന്നും അദ്ദേഹം ഉറപ്പുനൽകി. മോദിയെ “അടുത്ത സുഹൃത്ത്” എന്ന് വിശേഷിപ്പിച്ച പുടിൻ, ഇന്ത്യയിൽ ലഭിച്ച ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞു. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും വ്യാപാരം, സുരക്ഷ, സൈനിക മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ സംപ്രേഷണം ആരംഭിക്കുമെന്നും പുടിൻ പ്രഖ്യാപിച്ചു. സാംസ്കാരിക-വിവര കൈമാറ്റത്തിൽ ഇത് പുതിയ അധ്യായമാകുമെന്നാണ് പ്രതീക്ഷ. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 100 ബില്യൺ ഡോളറിലേക്ക് ഉയർത്താനുള്ള പദ്ധതിയും ചർച്ചയിൽ ശക്തമായി ഉയർന്നു.

More Stories from this section

family-dental
witywide