
മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി എതിർത്തു. റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കൊപ്പം മോസ്കോയിൽ നടന്ന മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷൻ യോഗത്തിൽ ഇന്ത്യ യുഎസ് വിരുദ്ധ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യോഗം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മോസ്കോ ഫോർമാറ്റിന്റെ ഏഴാമത് യോഗത്തിൽ അഫ്ഗാൻ താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം ആദ്യമായി പങ്കെടുത്തു. ബഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം താലിബാൻ നേരത്തെ തന്നെ നിരസിച്ചിരുന്നു. ഈ ആവശ്യം അവഗണിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രാദേശിക രാജ്യങ്ങൾ ഒറ്റക്കെട്ടായി യുഎസിനെതിരെ നിലപാട് കടുപ്പിച്ചത്.
ഇന്ത്യ-യുഎസ് തർക്കങ്ങൾ, പ്രത്യേകിച്ച് താരിഫ് വിഷയത്തിൽ തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ പരസ്യനിലപാട് ശ്രദ്ധേയമാണ്. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നതും ഈ നിലപാടിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നു. മധ്യേഷ്യൻ രാജ്യങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ യുഎസിന്റെ സൈനിക ഇടപെടലുകൾ അനുവദിക്കില്ലെന്ന് മോസ്കോ യോഗത്തിലെ പ്രസ്താവന വീണ്ടും ഊട്ടിയുറപ്പിച്ചു.