പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ കനത്ത പ്രഹരം, ലാഹോറിലെയടക്കം പാക് വ്യോമ പ്രതിരോധ സംവിധാനം തകർത്തു

ഡൽഹി: രാജ്യത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലെ 15 സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യ. ശ്രീനഗർ, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിച്ചതിന് മറുപടിയായി ഇന്ത്യൻ സേന ലാഹോർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും തകർത്തു.

പാക് സേന ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അവയെ നിർവീര്യമാക്കി. പാകിസ്ഥാന്റെ വ്യോമ പ്രതിരോധം തകർക്കാൻ ഇന്ത്യ ഹാർപ്പി ഡ്രോണുകൾ ഉപയോഗിച്ചെന്നും, പിന്നീട് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ റഷ്യൻ നിർമ്മിത എസ്-400 പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

തകർന്ന ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ ഇന്ത്യ ശേഖരിക്കുന്നുണ്ട്. പാകിസ്ഥാനോ പാക് രഹസ്യാന്വേഷണ ഏജൻസികളോ ഇന്ത്യക്കെതിരായ ഭീകരവാദത്തിന് സാമ്പത്തിക സഹായവും സൈനിക പരിശീലനവും നൽകുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങൾക്ക് തെളിവായി ഇത് മാറുമെന്നും സർക്കാർ വ്യക്തമാക്കി.

ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയും ബുധനാഴ്ച രാത്രിയുമാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. ഇത് ഇന്ത്യ കൃത്യമായി തടഞ്ഞു. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ അതേ രീതിയിലും അതേ തീവ്രതയിലുമായിരുന്നു ഇന്ത്യയുടെ പ്രതികരണമെന്ന് സർക്കാർ അറിയിച്ചു.

More Stories from this section

family-dental
witywide