ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ യുഎൻഎച്ച്ആർസി കൗൺസിൽ യോഗത്തിൽ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയാണ് പാകിസ്ഥാനെന്ന് അതിരൂക്ഷവിമർശനവുമായി ഇന്ത്യ. ഇസ്ലാമാബാദ് ഇന്ത്യക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ക്ഷിതിജ് ത്യാഗി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ വ്യോമസേന തിങ്കളാഴ്‌ച ഖൈബർ പഖ്‌തുൺഖ്വ പ്രവിശ്യയിലുള്ള തിര താഴ്‌വരയിലെ മാത്രേ ദാരാ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനെതിരെ ക്ഷിതിജ് വിമർശനം ഉന്നയിച്ചത്.
പാകിസ്ഥാനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട്, ഒരു പ്രതിനിധി സംഘം ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകൾ ഉന്നയിച്ചുകൊണ്ട് ഈ വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണ്. ഞങ്ങളുടെ ഭൂപ്രദേശത്തിനുമേൽ കണ്ണുവെക്കുന്നതിന് പകരം, അവർ നിയമവിരുദ്ധമായി കയ്യേറിയിരിക്കുന്ന ഇന്ത്യൻ പ്രദേശം ഒഴിഞ്ഞുപോകുകയും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥയെയും സൈനിക മേധാവിത്വം ഉപയോഗിച്ച് നിശ്ശബ്ദരാക്കിയ ഭരണകൂടത്തെയും പീഡനങ്ങളാൽ കളങ്കിതമാക്കിയ മനുഷ്യാവകാശ ചരിത്രത്തെയും രക്ഷിക്കാൻ ശ്രദ്ധിക്കുകയുമാണ് വേണ്ടതെന്നും യോഗത്തിൽ ക്ഷിതിജ് പറഞ്ഞു.













