
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപിന്റെ 50 ശതമാനം അധിക തീരുവ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാർ. യുഎസിൻ്റെ നടപടി ദൗർഭാഗ്യകരമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ട്രംപിൻ്റെ തീരുമാനം പക്ഷപാതപരവും, നീതീകരിക്കാനാകാത്തതും യുക്തിരഹിതവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് റഷ്യയുമായുള്ള കരാറിലേർപ്പെട്ടതെന്നും, ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കഴിഞ്ഞാഴ്ച യുഎസ് ഇന്ത്യക്ക് മേൽ 25 ശതമാനം താരിഫ് ചുമത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് തുടർന്നാല്‍ അധിക പിഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ധാരണയാകാത്ത പശ്ചാത്തലത്തിലാണ് ട്രംപ് താരിഫ് പ്രഖ്യാപിച്ചത്.
25% അധിക തീരുവയാണ് ട്രംപ് ഇന്ത്യക്കുമേൽ ഇന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് അധിക തീരുവ ഈടാക്കിയത്. ഇതോടെ തീരുവ 50 % ആയി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിൻ്റെ നീക്കം. യുക്രെയ്‌നിൽ യുദ്ധം നടത്തുന്ന റഷ്യയിൽ നിന്നും എങ്ങനെ കൂസലില്ലാതെ എണ്ണ വാങ്ങാൻ കഴിയുന്നുവെന്നും ട്രംപ് ചോദിച്ചിരുന്നു