ന്യൂഡൽഹി: ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ചൈനയുടെ ഭീമന്‍ അണക്കെട്ടിനേക്കാൾ വലിയ അണക്കെട്ടുമായി ഇന്ത്യ. അരുണാചൽ പ്രദേശിലെ ദിബാങ്ങിലാകും പുതിയ അണക്കെട്ട് നിർമിക്കുക. ബ്രഹ്മപുത്രയിൽ ചൈന ഭീമൻ അണക്കെട്ട് നിർമിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബ്രഹ്‌മപുത്രയുടെ തീരങ്ങളിൽ വലിയ വെള്ളപ്പൊക്കവും കെടുതികളുമാകും ഉണ്ടാകുക. ഈ ഭീഷണിയെ മറികടക്കാനാണ് ബ്രഹ്‌മപുത്രയിൽ മറ്റൊരു കൂറ്റൻ അണക്കെട്ട് കേന്ദ്രസർക്കാർ നിർമിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള അണക്കെട്ട് എന്ന റെക്കോർഡ് സ്വന്തമാക്കുന്ന ഈ അണക്കെട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഹൈഡ്രൊ ഇലക്ട്രിക് പവർ കോർപ്പറേഷൻ -എൻ.എച്ച്.പി.സി ആണ് നിർമിക്കുക. ഇതിനായി 17,069 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെൻഡർ വിളിച്ചു. 278 മീറ്റർ ഉയരമാണ് ദിബാങ്ങിലെ ഈ അണക്കെട്ടിന് ഉണ്ടാകുക.അണക്കെട്ടിൻ്റെ നിർമാണം 2032 ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന വൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്. കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു. ചൈനീസ് ഭാഗത്തുള്ള അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന അധികജലത്തെ തടഞ്ഞുനിർത്തി നിയന്ത്രിതമായി നദിയിലേക്ക് ഒഴുക്കിവിടുന്നതിന് വേണ്ടിയാണ് അണക്കെട്ട് നിർമിക്കുന്നതെന്നാണ് ന്യൂസ്-18 റിപ്പോർട്ട്.














