
ന്യൂയോര്‍ക്ക്: ഭീകരവാദ പ്രവര്‍ത്തനത്തില്‍ പഹല്‍ഗാമില്‍ നിരപരാധികളായ ഇന്ത്യക്കാരെ കൊന്നൊടുക്കിയതിനും പിന്നാലെയുണ്ടായ ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തിനും യു എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ.
അംബാസിഡര്‍ പി ഹരീഷാകും യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. ഭീകരസംഘടനകളെ നിര്‍ണയിക്കുന്ന 1267 ഉപരോധ സമിതിയുടെ മോണിറ്ററിംഗ് സംഘത്തെ കണ്ട് ഇന്ത്യന്‍ സംഘം തെളിവുനല്‍കും.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകളാകും ഈ സംഘത്തിന് മുന്നില്‍ ഇന്ത്യ സമര്‍പ്പിക്കുക. യു എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകളുമായി കാണും.
അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യു എന്‍ സെക്രട്ടറി ജനറലുമായി സംസാരിക്കുകയും ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്നതടക്കമുള്ള ഉറപ്പുകളും നല്‍കിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.