ബുള്ളറ്റ് ട്രെയിനിൽ കുതിക്കാൻ ഇന്ത്യയും; ആദ്യ ബുളളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പുരോഗമിക്കുന്നു

മുംബൈ: രാജ്യത്തെ ആദ്യ ബുളളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. ബുള്ളറ്റ് ട്രെയിൻ കോറിഡോറിൽ ആകെ 12 സ്റ്റേഷനുകളുണ്ട്. മുംബൈ (ബാന്ദ്ര-കുർള കോംപ്ലക്സ്), താനെ, വിരാർ, ബോയ്സർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ.

നാല് സ്റ്റേഷനുകൾ മഹാരാഷ്ട്രയിലുണ്ട് (മുംബൈ, താനെ, വിരാർ, ബോയ്സാർ). എട്ട് എണ്ണം ഗുജറാത്തിലുമാണ് (സബർമതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ബറൂച്ച്, സൂറത്ത്, ബിലിമോറ, വാപി). മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ യാത്ര ഏകദേശം 2 മണിക്കൂർ 7 മിനിറ്റിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ഇടനാഴിയിലെ സ്റ്റേഷനുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. സ്റ്റേഷനുകളുടെ എണ്ണം, യാത്രാ സമയം, ഉദ്ഘാടന തീയതി, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അതേസമയം, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 508 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. അതിൽ 348 കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലും 4 കിലോമീറ്റർ ദാദ്ര & നാഗർ ഹവേലി കേന്ദ്രഭരണ പ്രദേശത്തുകൂടിയുമാണ് കടന്നുപോകുക.

പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരു അറിയിപ്പും ഔദ്യോ​ഗികമായി ഇതുവരെ നൽകിയില്ലെങ്കിലും വളരെ വേഗം തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ അറിയിച്ചിരുന്നു. ടിക്കറ്റ് നിരക്കുകൾ സംബന്ധിച്ചും സർക്കാർ ഇതുവരെ ഔദ്യോ​ഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല.

More Stories from this section

family-dental
witywide