ജൂലൈ 8 ന് മുമ്പ് ഇന്ത്യ യുഎസുമായി ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജൂലൈ 8 ന് മുമ്പ് ഇന്ത്യ യുഎസുമായി ഇടക്കാല വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ട്. പുതുക്കിയ പരസ്പര തീരുവകള്‍ ചുമത്തുന്നതിന് 90 ദിവസത്തെ താല്‍ക്കാലിക വിരാമമിട്ടിരിക്കുകയാണ് യുഎസ് ഇപ്പോള്‍. ഈ സമയപരിധി അവസാനിക്കുന്ന ജൂലൈ എട്ടിനു മുമ്പായി ഒരു ഇടക്കാല കരാറില്‍ ഇന്ത്യ ഏര്‍പ്പെടാനാണ് സാധ്യതയെന്നാണ് വിവരം. ഇതിലൂടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ 26 ശതമാനം പ്രതികാര തീരുവ ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

വ്യാപാര ചര്‍ച്ചകള്‍ക്ക് പ്രചോദനമായി, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വ്യാപാര കരാറിന്റെ സൂചനകള്‍ എത്തിത്തുടങ്ങിയത്. വ്യാപാര സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും പരസ്പരം തീരുവ കുറയ്ക്കുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കാനും അമേരിക്കയും ചൈനയും സമ്മതിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം നടന്നത്.

‘ചര്‍ച്ചകള്‍ പോസിറ്റീവായി പുരോഗമിക്കുന്നു. ജൂലൈ 8 ന് ആദ്യ ഘട്ടം (തീരുവ) പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ഒരു ഇടക്കാല കരാറിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. 26 ശതമാനം അധിക തീരുവയും ഒരുപക്ഷേ 10 ശതമാനം അടിസ്ഥാന തീരുവയും ഇന്ത്യയ്ക്ക് ബാധകമല്ലെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു,’ എന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read

More Stories from this section

family-dental
witywide