
ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 324 സീറ്റും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റും നേടുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ. ജൂലൈ 1-നും ആഗസ്റ്റ് 14-നും ഇടയിൽ നടത്തിയ സർവ്വേയിലാണ് ഈ പ്രവചനം. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ മുന്നണിയ്ക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 31 സീറ്റുകളാണ് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ പ്രവചിക്കുന്നത്.
പ്രതിപക്ഷത്തിൻ്റെ സീറ്റുകളിൽ 26 എണ്ണത്തിൻ്റെ കുറവുണ്ടാകുമെന്നും സർവ്വേ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാൻ കഴിഞ്ഞത്. 240 സീറ്റ് ലഭിച്ച ബിജെപിക്ക് കേവല ഭൂരിപക്ഷത്തിൽ 32 സീറ്റിൻ്റെ കുറവുണ്ടായിരുന്നതിനാൽ ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.