ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൻ്റെ പ്രാരംഭ രൂപരേഖ ഉടനെയെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ. എന്നിരുന്നാലും അതിനുള്ള സമയപരിധി വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളുമായും കൂട്ടായ്മകളുമായും ഇന്ത്യ നടത്തുന്ന നിരവധി വ്യാപാര ചർച്ചകളിലൊന്നാണ് ഇത്.
അമേരിക്കയുമായി രണ്ടു വഴികളിലായാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഒന്നാമത്, കൂടുതൽ സമയം എടുക്കുന്ന സമഗ്രമായ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ (BTA). രണ്ടാമത്, ഇന്ത്യൻ കയറ്റുമതിക്കാർക്ക് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന 50 ശതമാനം തീരുവ എന്ന പ്രത്യേക വിഷയത്തിന് പരിഹാരം കാണുന്ന രൂപരേഖ കരാർ.
ഇതുവരെ അഞ്ചോ ആറോ ചർച്ചാ റൗണ്ടുകൾ നടന്നു. പൂർണ BTAയെയും ഇടക്കാല ഫ്രെയിംവർക്ക് കരാറിനെയും കുറിച്ച് വിശദമായി സംസാരിച്ചു. കഴിഞ്ഞ ആഴ്ച ന്യൂഡൽഹിയിലെത്തിയ ഡെപ്യൂട്ടി യുഎസ് ട്രേഡ് റിപ്പസെന്റേറ്റീവിന്റെ സന്ദർശനം ഇന്ത്യയെ കൂടുതൽ മനസിലാക്കാനായിരുന്നുവെന്നും അഗർവാൾ പറഞ്ഞു.
അതേസമയം, ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ആദ്യഘട്ടം പൂർത്തിയാക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ കരാർ എപ്പോഴാകും അന്തിമമാകുക എന്നതിൽ വ്യക്തതയില്ല. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിലും ഇന്ത്യ സജീവമാണ്. വർഷാവസാനത്തിനകം കരാർ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ചർച്ചകൾ ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടത്തിലേക്ക് കടന്നതായി അഗർവാൾ പറഞ്ഞു.
കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) അടക്കമുള്ള വിഷയങ്ങൾ ചർച്ചാമേശയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കാർബൺ കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് യൂറോപ്പ് നികുതി ചുമത്തുന്ന പദ്ധതിയാണ് CBAM. ഡിസംബർ 3 മുതൽ 9 വരെ ന്യൂഡൽഹിയിൽ നടന്ന 16-ാം റൗണ്ട് ചർച്ചകളടക്കം ഇരുരാജ്യങ്ങളും ചർച്ച തുടരുകയാണ്. ചില അധ്യായങ്ങൾ ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, അവസാന ഘട്ടത്തിലാണ് അത്തരമൊരു തീരുമാനം ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.
മെക്സിക്കോയുമായുള്ള മുൻഗണനാ വ്യാപാര കരാറിൽ (preferential trade agreement (PTA )) നിന്ന് കാനഡ, അമേരിക്ക, പെറു, ചിലി, യൂറോപ്യൻ യൂണിയൻ (EU), യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ (EAEU) എന്നിവരുമായി വ്യാപാര കരാറുകൾ (FTA) തുടങ്ങി നിരവധി കരാറുകളുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്. മെക്സിക്കോയ്ക്ക് ഇന്ത്യ പ്രിഫറൻഷ്യൽ ട്രേഡ് എഗ്രിമെന്റ് (PTA) നിർദേശിച്ചതായും അഗർവാൾ അറിയിച്ചു. സ്വതന്ത്ര വ്യാപാര കരാർ പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടതിനാൽ PTAയാണ് വേഗത്തിലുള്ള വഴി.
FTA ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് മെക്സിക്കോ 5 മുതൽ 50 ശതമാനം വരെയാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഏകദേശം 1,463 ഉൽപ്പന്ന വിഭാഗങ്ങളെ ബാധിക്കും. 2026 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. വാഹനങ്ങൾ, ഓട്ടോ പാർട്സ്, വസ്ത്രങ്ങൾ, ഇരുമ്പ്-സ്റ്റീൽ, പ്ലാസ്റ്റിക്, ലെതർ, ചെരുപ്പ് എന്നീ പ്രത്യേക വിഭാഗങ്ങളിലെ 2 ബില്യൺ ഡോളറിന്റെ ഇന്ത്യൻ കയറ്റുമതിയെ ഇത് ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ തീരുവകൾ WTO ചട്ടങ്ങൾക്കുള്ളിലാണെന്നും പ്രധാനമായും ചൈനീസ് കയറ്റുമതികളെയാണ് മെക്സിക്കോ ലക്ഷ്യമിടുന്നതെന്നും അഗർവാൾ പറഞ്ഞു.
അതേസമയം, ന്യൂസിലാൻഡുമായുള്ള വ്യാപാര കരാർ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാനഡയുമായി നിർദേശിച്ച CEPA കരാറിനെക്കുറിച്ച് ഈ ആഴ്ച വെർച്ച്വൽ ചർച്ചകൾ നടക്കും. ഖത്തർ, ഇസ്രായേൽ എന്നിവരുമായും പുതിയ ചർച്ചകൾ ആരംഭിക്കും. റഷ്യയുടെ നേതൃത്വത്തിലുള്ള EAEUവുമായുള്ള രണ്ടാം റൗണ്ട് ചർച്ചകൾ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കും. ചിലി, പെറു എന്നിവരുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒമാനുമായുള്ള കരാർ ഉടൻ ഒപ്പിടുമെന്നും അഗർവാൾ വ്യക്തമാക്കി.
India-US framework trade deal soon: Commerce Secretary Rajesh Agrawal














