48 മണിക്കൂറിനുള്ളിൽ ഇന്ത്യാ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഒപ്പിട്ടേക്കും

വാഷിങ്ടൺ: വരുന്ന 48 മണിക്കൂറിനുള്ളിൽ ഇന്ത്യാ- യുഎസ് ഇടക്കാല വ്യാപാര കരാർ ഒപ്പിടുമെന്ന് റിപ്പോർട്ടുകൾ. വാഷിങ്ടണിൽ കരാർ ഒപ്പിടാനുള്ള അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. ട്രംപ് ജൂലൈ ഒമ്പത് വരെ വ്യാപാര കരാർ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയപരിധിയ്ക്ക് മുമ്പ് ഇടക്കാല കരാർ കൊണ്ടുവരാനാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ശ്രമം.ഇന്ത്യയിലെ കാർഷിക മേഖലയിലേക്കും ക്ഷീരോത്പന്ന മേഖലയിലേക്കും യു.എസ് ഉത്പന്നങ്ങൾക്ക് നികുതി ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ കരട് ഇടക്കാല കരാറിൽ ഈ കാര്യങ്ങൾ ഉണ്ടായേക്കില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ക്ഷീരോത്പന്ന മേഖലയെ ഇന്ത്യ ഇതുവരെ മറ്റ് വ്യാപാര കരാറുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. യു.എസ് സമ്മർദ്ദത്തിന് വഴങ്ങിയാൽ അത് മറ്റ് രാജ്യങ്ങളുമായുള്ള ഭാവിയിലെ കരാറിനെയും ബാധിക്കാനിടയുണ്ട്. പാദരക്ഷകൾ, തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയും നികുതി ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന മേഖലകളാണ് ഇവ. നിലവിൽ ഭൂരിഭാഗം വിഷയങ്ങളും ചർച്ച ചെയ്ത് പരിഹരിച്ചുകഴിഞ്ഞതിനാലാണ് ഇടക്കാല കരാറിലേക്ക് നീങ്ങുന്നത്. ഇതിന് ശേഷമായിരിക്കും മറ്റുള്ള കാര്യങ്ങളിൽ തുടർ ചർച്ചയിലൂടെ തീരുമാനിക്കുക. ഇരുരാജ്യങ്ങളും തമ്മിൽ നിരവധി വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു.

ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ വിളകൾക്ക് പ്രവേശനം അനുവദിക്കണമെന്ന യു.എസിന്റെ ആവശ്യത്തിൽ തട്ടി ചർച്ചകൾ മുന്നോട്ടുപോകാനാകാതെ വന്നിരുന്നു. കർഷക രോഷമുണ്ടാകുമെന്ന് ഭയന്ന് ഇക്കാര്യത്തിൽ നിന്ന് ഇന്ത്യ അകലം പാലിച്ചു. ജൂലൈ ഒമ്പതിന് ശേഷം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് എതിരെ പകരച്ചുങ്കം യു.എസ് ഏർപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാൽ ഇന്ത്യയിൽ നിന്നുള്ള ഐടി, ഫാർമ കമ്പനികൾക്ക് വലിയ തിരിച്ചടിയാകും ഉണ്ടാകുക.

More Stories from this section

family-dental
witywide