ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ അവസാനഘട്ടത്തില്‍, ഉടന്‍ ഒപ്പുവയ്ക്കുമെന്ന് വൈറ്റ്ഹൗസ്

വാഷിങ്ടന്‍: ഇന്ത്യയും യുഎസും വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് യുഎസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഇന്ത്യയും യുഎസും വ്യാപാരക്കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ വളരെ അടുത്തെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ശരിയാണ്. ഇതേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ വാണിജ്യ സെക്രട്ടറിയോട് സംസാരിച്ചിട്ടേയുള്ളൂ. അദ്ദേഹം ഓവല്‍ ഓഫിസില്‍ പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നയാളാണ്. അവര്‍ കരാറിന്റെ അവസാനരൂപം തീരുമാനിക്കുകയാണ്. ഇന്ത്യയുമായുള്ള കരാറിനെക്കുറിച്ച് പ്രസിഡന്റില്‍നിന്നും അദ്ദേഹത്തിന്റെ സംഘത്തില്‍നിന്നും ഉടന്‍ തീരുമാനം അറിയാനാകും” വാര്‍ത്താ സമ്മേളനത്തില്‍ കരോലിന്‍ പറഞ്ഞു. മാത്രമല്ല, ഇന്തോപസിഫിക് മേഖലയില്‍ യുഎസിന്റെ പ്രധാന തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ മികച്ച സൗഹൃദമാണുള്ളത്. അത് തുടരുമെന്നും കരോലിന്‍ കൂട്ടിച്ചേര്‍ത്തു.