ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഗർജനം; ബംഗ്ലദേശിനെ തകര്‍ത്തടുക്കി ഫൈനൽ ടിക്കറ്റ് നേടി, എതിരാളി പാക്-ബംഗ്ലാ പോരാട്ടത്തിലെ വിജയി

ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 41 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 127 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റും നേടി. ഇന്ത്യ ജയിച്ചതോടെ ശ്രീലങ്ക ഏഷ്യ കപ്പില്‍ നിന്ന് പുറത്തായി. അടുത്ത പാക്ക് – ബംഗ്ലദേശ് മല്‍സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ഇന്ത്യയുടെ ഏതിരാളിയാകുന്നത്. വ്യാഴാഴ്ചയാണ് പാകിസ്താന്‍- ബംഗ്ലാദേശ് മത്സരം.

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ബംഗ്ലാദേശ് നിരയിൽ ഓപ്പണറായെത്തിയ സൈഫ് ഹസൻ മാത്രമാണ് അർധസെഞ്ച്വറി നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. തകർപ്പൻ പ്രകടനം കാഴ്ചവച്ച അഭിഷേക് ശർമ 37 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 75 റൺസെടുത്ത് ടോപ് സ്കോററായി. റൺഔട്ടായാണ് താരം പുറത്തായത്. ശുഭ്മൻ ഗിൽ 19 പന്തിൽ 29 റൺസെടുത്ത് മികച്ച പിന്തുണ നൽകി. അഭിഷേകും ഗില്ലും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ഹാർദിക് പാണ്ഡ്യ 29 പന്തിൽ 4 ഫോറും ഒരു സിക്സുമടക്കം 38 റൺസെടുത്ത് നിർണായക സംഭാവന നൽകി. 15 പന്തിൽ 10 റൺസുമായി അക്സർ പട്ടേൽ പുറത്താകാതെ നിന്നു. തിലക് വർമ, സൂര്യകുമാർ യാദവ് എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ 3 ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാകിബ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

More Stories from this section

family-dental
witywide