
ടെഹ്റാന്‍: ഇറാനില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നതിനാല്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടി നല്‍കി ഇറാന്‍. ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചെങ്കിലും, ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
‘നിലവിലെ അവസ്ഥയും രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതും, നിരവധി രാഷ്ട്രീയ ദൗത്യങ്ങള്‍ അവരുടെ നയതന്ത്രജ്ഞരെയും പൗരന്മാരെയും വിദേശത്തേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥനയും കണക്കിലെടുത്ത്, എല്ലാ കര അതിര്‍ത്തികളും യാത്രയ്ക്കായി തുറന്നിട്ടുണ്ടെന്ന് ഞങ്ങള്‍ അറിയിക്കുന്നു, ‘ഇറാന്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തികള്‍ കടക്കുന്നവരുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വാഹന വിവരം അടക്കമുള്ളവ നല്‍കണമെന്നും ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിയും നല്‍കണമെന്നും ഇറാൻ കോടതി ആവശ്യപ്പെട്ടു.
ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ കരമാർഗം മടങ്ങാനാണ് വിദ്യാർഥികളോട് ഇറാൻ ആവശ്യപ്പെടുന്നത്.