
ന്യൂഡല്‍ഹി : ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയിലെ പ്രസംഗത്തില്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇന്ത്യ. തകര്‍ക്കപ്പെട്ട റണ്‍വേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍, പാക്കിസ്ഥാന് അത് ആസ്വദിക്കാം എന്നായിരുന്നു ഇന്ത്യ നല്‍കിയ മറുപടി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റല്‍ ഗലോട്ട് ആണ് പാക്കിസ്ഥാന് കണക്കിന് കൊടുത്തത്.
”ഒരു ചിത്രം ആയിരം വാക്കുകള്‍ക്കു തുല്യമാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ബഹാവല്‍പുര്‍, മുരീദ്‌കെ തുടങ്ങിയ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം വധിച്ച നിരവധി തീവ്രവാദികളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടു. മുതിര്‍ന്ന പാക്ക് സൈനിക, സിവില്‍ ഉദ്യോഗസ്ഥര്‍ കുപ്രസിദ്ധരായ അത്തരം ഭീകരരെ പരസ്യമായി മഹത്വവല്‍ക്കരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോള്‍ ഈ ഭരണകൂടത്തിന്റെ യഥാര്‍ഥ സ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടാകുമോ? ആ നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാണ്. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ തകര്‍ന്ന റണ്‍വേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കില്‍, പാക്കിസ്ഥാന് അത് ആസ്വദിക്കാം” അവര്‍ പറഞ്ഞു.