
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാക് ബന്ധം വലിയ തോതിൽ വഷളായിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് വ്യക്തമാക്കിയ ഇന്ത്യ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ആദ്യ പടിയായി പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് വെട്ടിക്കുറച്ചിരുന്നു. സിന്ധു നദീജല കരാറടക്കം മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്.
ന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പറഞ്ഞത്. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് മോദി പറഞ്ഞു. ഒരു ഹിന്ദി ചാനൽ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ ഇന്ത്യ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
നേരത്തെ ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഇന്ത്യ ഇന്ന് താഴ്ത്തി. ബഗ്ളിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കൂടുതൽ നടപടികൾ. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെയും ഇന്ത്യ കശ്മീരിലേക്കയച്ചിട്ടുണ്ട്. ജലവൈദ്യുത പദ്ധതികളും തടയണകളും നിർമ്മിക്കുന്നത് ആലോചിക്കാനാണ് വിദഗ്ധരെ അയച്ചത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കിൽ കൂടുതൽ നിയന്ത്രണം നടത്താനാണ് ഇന്ത്യയുടെ തീരുമാനം. 20 ശതമാനം കുറവെങ്കിലും ഈ സീസണിൽ പാകിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിൽ ഉണ്ടാകും.













