സോച്ചി (റഷ്യ): അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റഷ്യയുമായി ഇന്ധന വ്യാപാരം കുറയ്ക്കാൻ ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയതിനെ രൂക്ഷമായി വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ. ഇത്തരം നീക്കങ്ങൾ ഒടുവിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സോച്ചിയിലെ ബ്ലാക്ക് സീ റിസോർട്ടിൽ 140 രാജ്യങ്ങളിൽ നിന്നുള്ള ജിയോപൊളിറ്റിക്കൽ വിദഗ്ധർ പങ്കെടുത്ത വാൾദായ് ഡിസ്കഷൻ ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
റഷ്യൻ പ്രസിഡന്റ് വരാനിരിക്കുന്ന ഡിസംബർ മാസത്തിൽ ഇന്ത്യ സന്ദർശിക്കാനുള്ള താൽപര്യവും പ്രകടിപ്പിച്ചു. ഇന്ത്യ വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനാൽ ഇന്ത്യയുമായി ഉള്ള വ്യാപാരഅസമത്വം കുറയ്ക്കാനുള്ള നടപടികൾ തയ്യാറാക്കാൻ അദ്ദേഹം സർക്കാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
റഷ്യയുടെ വ്യാപാര പങ്കാളികളുടെ മേൽ അമിത ടാരിഫുകൾ ഏർപ്പെടുത്തിയാൽ ആഗോള ഇന്ധന വില ഉയരുകയും, അതിനെ പ്രതിരോധിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തി നിലനിർത്തേണ്ടി വരുമെന്നും പുടിൻ പറഞ്ഞു. ഇതിന്റെ ആഘാതം നേരിടേണ്ടത് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് തന്നെയാകും നേരിടേണ്ടി വരികയെന്നും പുടിൻ പറഞ്ഞു.
ഇന്ത്യയെന്നു പറയുമ്പോൾ നമ്മൾ എപ്പോഴും വിശ്വാസത്തോടെ നോക്കുന്നൊരു രാജ്യമാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായ സ്നേഹവും വിശ്വാസവും ഉണ്ടെന്ന് വ്യക്തമാക്കിയ പുടിൻ, ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഇന്ത്യ ശക്തമായി നിലപാട് സ്വീകരിച്ചു. ഇന്ത്യ ഒരിക്കലും തന്നെ അപമാനം ഏറ്റുവാങ്ങാൻ സമ്മതിക്കില്ല. മോദിജി ഒരിക്കലും അത്തരം തീരുമാനം എടുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
“റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിർത്തിയാൽ, ഇന്ത്യയ്ക്ക് ഏകദേശം 9 മുതൽ 10 ബില്യൺ ഡോളർ വരെയുള്ള നഷ്ടം നേരിടേണ്ടി വരും. ഇന്ത്യൻ ജനത അവരുടെ രാഷ്ട്രീയ നേതാക്കളുടെ തീരുമാനങ്ങൾ കൃത്യമായി നിരീക്ഷിക്കും. അവർക്ക് അംഗീകാരമില്ലാത്ത ഒരു തീരുമാനവും അവർ അനുവദിക്കില്ല. മോദിജിയെ അത്തരം ഒരു നീക്കം ഒരിക്കലും സ്വീകരിക്കില്ലെന്നും മോദിയെ സ്വന്തം സുഹൃത്തായി വിശേഷിപ്പിച്ച് പുടിൻ പറഞ്ഞു.
അമേരിക്ക റഷ്യൻ എണ്ണ ഇറക്കുമതിക്ക് എതിരെ മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുമ്പോഴും, റഷ്യയിൽ നിന്നുള്ള യൂറേനിയം അടക്കമുള്ള വിഭവങ്ങളിൽ അവർ ഇപ്പോഴും ആശ്രയിച്ചിരിക്കുന്നു. അമേരിക്കൻ ആറ്റോമിക് പവർ പ്ലാന്റുകൾക്കായി റഷ്യ യൂറേനിയം വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപ്പന്നങ്ങളും മരുന്നുകളും റഷ്യ വാങ്ങാൻ തയ്യാറാണെന്നും റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യക്ക് സാമ്പത്തികവും രാഷ്ട്രീയമായും ഗുണം ചെയ്യുമെന്നും പുടിൻ കൂട്ടിച്ചേർത്തു.














