വെല്‍ക്കം ബാക്ക്’, ശുഭാംശുവും സംഘവും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

കാലിഫോര്‍ണിയ: 18 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ മടങ്ങിയെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് കരയ്‌ക്കെത്തിക്കും.

സംഘത്തിന് ഇനി ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. രണ്ടാഴ്‌ചത്തെ ദൗത്യം കഴിഞ്ഞ് ബഹിരാകാശത്ത് നിന്നെത്തുന്നതിനാല്‍ ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് യാത്രികര്‍ക്ക് ഈ വിശ്രമം. ആക്സിയം 4 യാത്രികരുടെ ശാരീരിക ക്ഷമത, സന്തുലിതാവസ്ഥ, റിഫ്ലെക്‌സുകൾ, ഹൃദയ സംബന്ധമായ പ്രവർത്തനം, രോഗപ്രതിരോധ പ്രതികരണം എന്നിവ ഉൾപ്പെടുന്ന നിരവധി മെഡിക്കൽ, മാനസിക പരിശോധനകൾ നാസയുടെ ഹ്യൂമൻ ഹെൽത്ത് ആൻഡ് പെർഫോമൻസ് ടീം നടത്തും.

ജോൺസൺ സ്‌പേസ് സെന്‍ററില്‍ നാസയുടെ മെഡിക്കല്‍ സംഘത്തിന് പുറമെ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്‌ധരും ശുഭാംശുവിന്‍റെ ആരോഗ്യനില നിരീക്ഷിക്കാനുണ്ടാകും. പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷൻ പൂര്‍ത്തിയാക്കിയാവും ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് തിരിച്ചെത്തുക.

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.

More Stories from this section

family-dental
witywide