യുഎസിലെ ട്രക്ക് അപകടത്തിൽ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി; ജീവൻ പൊലിഞ്ഞത് നവദമ്പതികൾക്ക്

ഓറിഗൺ: യുഎസിലെ ഓറിഗണിൽ ഉണ്ടായ ട്രക്ക് അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 32 കാരനായ ഇന്ത്യൻ പൗരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ച ഇന്ത്യൻ പൗരനായ രാജിന്ദർ കുമാറിനെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്. അപകടത്തിൽ നവദമ്പതികളായ വില്യം മൈക്കിൾ കാർട്ടർ (25), ജെന്നിഫർ ലിൻ ലോവർ (24) എന്നിവരാണ് മരിച്ചത്.

നവംബർ 24ന് രാത്രി ഓറിഗണിലെ ഡെഷൂട്ട്സ് കൗണ്ടിയിലാണ് അപകടമുണ്ടായത്. രാജിന്ദർ ഓടിച്ച സെമി-ട്രക്ക്, റോഡിന് കുറുകെയായി നിന്നതാണ് അപകടത്തിന് കാരണം. രണ്ട് പാതകളും തടസ്സപ്പെടുത്തിക്കൊണ്ടാണ് വണ്ടി നിന്നിരുന്നത്. ഇതിനിടെ വന്ന കാർ ട്രക്കിൽ ഇടിക്കുകയും കാറിലുണ്ടായിരുന്നവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്‌തു. അപകടത്തിൽ രാജിന്ദർ കുമാറിന് പരിക്കുകളില്ല.

അതേസമയം, അപകടം നടന്ന സ്ഥലത്ത് അടിയന്തര മുന്നറിയിപ്പ് ഉപകരണങ്ങളോ വെളിച്ചമോ ഇല്ലാതിരുന്നത് അപകടത്തിന് കാരണമായി എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെത്തുടർന്ന് ഏകദേശം ഏഴ് മണിക്കൂറോളം ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അശ്രദ്ധമൂലമുള്ള നരഹത്യാക്കുറ്റം, അപകടകരമായ സാഹചര്യം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് രാജിന്ദർ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളെ ഡെഷൂട്ട്സ് കൗണ്ടി ജയിലിൽ അടച്ചു.

2022 നവംബർ 28-ന് അരിസോണയിലെ ലൂക്ക്‌വില്ലെ വഴി ഇയാൾ യു.എസിൽ നിയമവിരുദ്ധമായി പ്രവേശിച്ചതാണെന്ന് യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഇതേ തുടർന്ന് അനധികൃതമായി രാജ്യത്ത് പ്രവേശിച്ച രാജിന്ദർ കുമാറിന് കാലിഫോർണിയയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ് ഒരു കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് നൽകിയതിനെ ഡിഎച്ച്എസ് വിമർശിച്ചു.

അഭയാർഥികൾക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരുടെ നടപടി കാരണം നിയമവിരുദ്ധമായി കുടിയേറിയവർ അമേരിക്കൻ റോഡുകളിൽ അപകടകരമായ രീതിയിൽ ട്രക്ക് ഓടിക്കുന്നത് അനുവദിക്കപ്പെടുന്നു എന്ന വിമർശനവും സംഭവത്തെ തുടർന്ന് ഉടലെടുത്തിരിക്കുകയാണ്.

Indian charged with manslaughter in US truck accident; newlyweds killed

More Stories from this section

family-dental
witywide