രണ്ട് പതിറ്റാണ്ടിന് മുൻപ് ലോങ്ങ് ഐലൻഡിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ പൗരനായ ഗണേഷ് ഷേണായി (54) യു.എസ്. അധികൃതർ കഴിഞ്ഞ ദിവസം പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലേക്ക് തിരികെ കൊണ്ടുവന്ന ഇയാളെ നാസൗ കൗണ്ടി ജയിലിലേക്ക് അയച്ചുവെന്നും ജാമ്യമില്ലാതെ കസ്റ്റഡിയിലാണെന്നും പ്രോസിക്യൂട്ടർമാർ അറിയിച്ചു. വർഷങ്ങളോളം നിയമം ലഘിച്ച് ഇന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഗണേഷ് കാരണം 2005-ലാണ് വാഹനാപകടത്തിൽ ഹിക്സ്വില്ല് സ്വദേശി ഫിലിപ്പ് മാസ്ട്രോപോളോ (44) മരണപ്പെടുന്നത്.
ജോലിക്കായി പോകവേ വീട്ടിൽ നിന്ന് ഒരു മൈൽ മാത്രം ദൂരെ നടന്ന അപകടത്തിലാണ് ഫിലിപ് മാസ്ട്രോപോളോ കൊല്ലപ്പെട്ടത്. 2005 ഏപ്രിലിലായിരുന്നു സംഭവം. ഓൾഡ് കൺട്രി റോഡിൽ അമിത വേഗത്തിൽ ചുവപ്പ് സിഗ്നൽ ലംഘിച്ചത്തിയ ഗണേഷിൻ്റെ വാഹനം ഫിലിപ്പിൻ്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ദൃക്‌സാക്ഷികളുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ഷെണായി തന്റെ പാസ്പോർട്ട് പോലീസിന് കൈമാറിയിരുന്നുവെങ്കിലും, പിന്നീട് പുതിയൊരു പാസ്പോർട്ട് കരസ്ഥമാക്കി, ചികിത്സയിൽ ആയിരുന്ന ആശുപത്രിയിൽ നിന്ന് മുങ്ങി ഇന്ത്യയിലേക്ക് കടന്നു. മുംബൈയിൽ അയാളെതിരെ കേസ് ചുമത്തിയിരുന്നു, എന്നാൽ 18 വർഷം ജാമ്യത്തിൽ ഇന്ത്യയിൽ കഴിയുകയും യുഎസിലേക്കുള്ള കേസിനെതിരെ നിയമപരമായി പോരാടുകയും ചെയ്തിരുന്നു.
“ഗണേഷ് 18 വർഷം യു.എസ്. നിയമവ്യവസ്ഥയെ മറികടക്കാൻ ശ്രമിച്ചു. രക്ഷപ്പെട്ടു എന്ന് വിചാരിച്ചു. പക്ഷേ, നീതി എത്രയും വൈകിയാലും സാധ്യമാണ്” നാസൗ കൗണ്ടി ജില്ലാ അറ്റോർണി ആൻ ഡോണെലി പറഞ്ഞു. കൊല്ലപ്പെട്ട ഫിലിപ്പിന്റെ ഭാര്യയും രണ്ടു മക്കളും കോടതിയില്‍ പ്രതിയെ നേരിൽ കാണാൻ എത്തിയിരുന്നു. 20 വർഷത്തിന് ശേഷമുള്ള ഈ നടപടിക്ക് സഹായം നൽകിയ എല്ലാ ഏജൻസികൾക്കും ഫിലിപ്പിൻ്റെ കുടുംബം നന്ദി അറിയിച്ചു.















