അമേരിക്കയിൽ സിസേറിയൻ പ്രസവത്തിന് ഇന്ത്യൻ ദമ്പതികളുടെ തിരക്ക്, കാരണം ട്രംപിന്റെ പൗരത്വ ഭീഷണി!

വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന എല്ലാവർക്കും പൗരത്വമെന്ന അവകാശം റദ്ദാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് സിസേറിയൻ പ്രസവത്തിനായി ഇന്ത്യൻ ദമ്പതികളുടെ തിരക്കെന്ന് റിപ്പോർട്ട്. നിരോധന സമയപരിധി മറികടക്കാനാണ് പ്രസവം നേരത്തെയാക്കുന്നത്. ഫെബ്രുവരി 20ന് മുമ്പ് സിസേറിയനുകൾക്കായി ഇന്ത്യൻ ദമ്പതികൾ പ്രസവ ക്ലിനിക്കുകളിൽ ക്യൂ നിൽക്കുന്നതായാണ് റിപ്പോർട്ട്. സിസേറിയനായി ഇരുപതോളം ദമ്പതികളിൽ നിന്ന് തനിക്ക് കോളുകൾ ലഭിച്ചതായി ഒരു ഇന്ത്യൻ വംശജയായ ഗൈനക്കോളജിസ്റ്റ് പറഞ്ഞു.

ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 20 ആണ്. അധികാരമേറ്റ ഉടൻ ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്ന് യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനാൽ, ഫെബ്രുവരി 19 വരെ യുഎസിൽ ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരായി ജനിക്കും. അതിന് ശേഷം, പൗരത്വമില്ലാത്ത ദമ്പതികൾക്ക് ജനിക്കുന്ന കുട്ടികൾ സ്വാഭാവിക അമേരിക്കൻ പൗരന്മാരായിരിക്കില്ല.

യുഎസിൽ താൽക്കാലിക എച്ച്-1ബി, എൽ1 വിസകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരുണ്ട്. യുഎസിൽ സ്ഥിരതാമസം നൽകുന്ന ഗ്രീൻ കാർഡുകൾക്കായുള്ള ക്യൂവിലും അവർ ഉണ്ട്. അമേരിക്കൻ പൗരന്മാരോ ഗ്രീൻ കാർഡ് ഉടമകളോ ഇല്ലാത്ത മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾ ജനനം കൊണ്ട് യുഎസ് പൗരന്മാരാകില്ലെന്നതായിരിക്കും പുതിയ നിയമം വന്നാൽ സംഭവിക്കുക.

More Stories from this section

family-dental
witywide